fbpx

സംശയം ഒരു രോഗമാണോ? അല്ലേയല്ല. അതൊരു സാധാരണ പ്രതിഭാസമാണ്. എല്ലാമറിയുന്നവനും, ഒന്നും അറിയാത്തവനും സംശയങ്ങളില്ല. സംശയിക്കാനും ചോദ്യം ചെയ്യാനുമുള്ള താത്പര്യം വളര്‍ച്ചയുടേയും വികസനത്തിന്‍റേയും ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്. സംശയമില്ലെങ്കില്‍ അന്വേഷണമില്ല, അന്വേഷണമില്ലാതെ അറിവില്ല, അറിവില്ലാതെ പുരോഗതിയും.

എന്നാല്‍ എന്തിലും ഏതിലും സംശയം തലപൊക്കിയാലോ? അത് വ്യക്തിയുടെ സാമൂഹിക ബന്ധങ്ങളെ തകര്‍ക്കുകയും, വേണ്ടപ്പെട്ടവരുടെ മനസ്സമാധാനം നശിപ്പിക്കുകയും ചെയ്യും. സംശയശീലക്കാരെ ജീവിതപങ്കാളിയായിക്കിട്ടുന്നവരുടെ കാര്യം ദയനീയമാണ്. ഒരു പരിചയക്കാരനോട് അല്ലെങ്കില്‍ സഹപ്രവര്‍ത്തകനോട് സംസാരിക്കാനുള്ള സ്വാതന്ത്ര്യം പോലും പലപ്പോഴും നിഷേധിക്കപ്പെടുന്നു.

സംശയത്തിനും സംശയശീലത്തിനും പിന്നിലുള്ള കാരണങ്ങള്‍ വിഭിന്നങ്ങളാണ്. ഒരാളെ അതിരുകടന്നു വിശ്വസിക്കുകയും അതിന്‍റെ ഫലമായി ഗുരുതരമായ പ്രശ്നങ്ങളില്‍ ചെന്നുചാടുകയും ചെയ്തിട്ടുള്ളവര്‍ക്ക് ചൂടുവെള്ളത്തില്‍ ചാടിയ പൂച്ചയെപ്പോലെ സംശയശീലം നാമ്പിടുന്നു. അനുഭവം സ്വന്തമായിക്കൊള്ളണം എന്നില്ല. മറ്റൊരാളിന്‍റെ പതനത്തിനു സാക്ഷ്യം വഹിക്കുകയോ, സിനിമയിലേയോ നോവലിലേയോ കഥാപാത്രവുമായി താദാത്മ്യം പ്രാപിക്കുകയോ ചെയ്താലും മതി. ഈ ശീലം തനിക്ക് ചിലപ്പോഴൊക്കെ രക്ഷാകവചമാകുന്നു എന്നുകൂടിക്കണ്ടാല്‍ പിന്നെ താമസമില്ല. ഇത് വേരുറച്ച് വ്യക്തിത്വത്തിന്‍റെ തന്നെ ഭാഗമാകുന്നു.

അപകര്‍ഷതാബോധമുള്ളവരില്‍ കാണുന്ന സംശയശീലമാണ് ഇനിയൊന്ന്. താന്‍ മോശക്കാരനാണെന്ന് സ്വയം വിലയിരുത്തുന്ന വ്യക്തി പങ്കാളിയെ സംശയിച്ചേക്കാം. മറ്റൊരാളുമായി പങ്കാളി ഇടപെടുന്നത് ഇവര്‍ക്ക് സഹിക്കാനാവില്ല. അയാളുമായി തട്ടിച്ചുനോക്കി, തന്‍റെ കഴിവുകേടുകള്‍ പങ്കാളി കണ്ടെത്തുമോ എന്ന ഭീതിയാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. അബോധമനസ്സിലെ വ്യാപാരമാണിത്. ലൈംഗിക അസൂയയും ഉടമസ്താബോധവും വളര്‍ന്ന് ഏതു നിമിഷവും പങ്കാളി എന്നെ തഴഞ്ഞിട്ട് പോയിക്കളയും എന്ന ഉത്കണ്ഠയുടെ രൂപം പ്രാപിക്കുന്നു. അങ്ങനെ സംഭവിക്കില്ല എന്നുറപ്പാക്കാനുള്ള ശ്രമം സംശയമായി പുറത്തുവരുന്നു. മദ്യപന്‍മാരിലും അസാന്മാര്‍ഗ്ഗികജീവിതം രഹസ്യമായി നയിക്കുന്നവരിലും, കുറ്റബോധം സംശയരൂപത്തില്‍ അവതരിക്കുന്നു. ഇങ്ങോട്ടു കുറ്റപ്പെടുത്തുന്നതിനു മുമ്പ് പങ്കാളിയെ തളയ്ക്കാനുള്ള മൂക്കുകയറാണ് ഇവിടെ സംശയശീലം!.

ഇനി രോഗതുരമായ സംശയത്തെ ശ്രദ്ധിക്കുക. സ്വന്തം വിശ്വാസപ്രമാണം കടപുഴകാന്‍ പര്യാപ്തമായ ശക്തമായ തെളിവുകള്‍ ലഭിച്ചാലും ഇക്കൂട്ടര്‍ തിരുത്തലിന് തയ്യാറാവുകയില്ല. ഈ രീതിയിലുള്ള പെരുമാറ്റം വ്യക്തിയെ സാമൂഹികമായി ഒറ്റപ്പെടുത്തുന്നു.

ഉദാഹരണമായി ഭാര്യയെ സംശയിക്കുന്നയാളെ നല്ലവനായ അയല്‍ക്കാരന്‍ ഉപദേശിക്കുകയും തെളിവുകള്‍ നിരത്തി അവരുടെ നിരപരാധിത്വം സ്ഥാപിക്കുകയും ചെയ്യുന്നു എന്നുവെയ്ക്കുക. ഉപദേശിക്കാനെത്തിയ അയല്‍ക്കാരനെപ്പറ്റി ഭര്‍ത്താവ് സംശയാലുവാകുന്നു. അയാളയും സ്വന്തം ഭാര്യയെയും ബന്ധിപ്പിച്ചുള്ള സംശയങ്ങളാവും പിന്നീട് ഭര്‍ത്താവിന്‍റെ മനസ്സില്‍ നുരയിടുക.

മദ്യപാനരോഗത്തിന്‍റെ അവസാനഘട്ടങ്ങളില്‍ നാഡികളുടെ ബലഹീനതയാലുംമറ്റും വൃക്കയില്‍ ലൈംഗിക ശേഷി അസ്തമിക്കുന്ന ഒരവസ്ഥയുണ്ട്. ഈ വേളയില്‍ രോഗി പങ്കാളിയെ സംശയിക്കുക സാധാരണമാണ്. ആല്‍ക്കഹോളിക്ക് പാരനോമിയ എന്നാണിതിന്‍റെ പേര്. സ്കിസോഫ്രേനിയ രോഗത്തിലും, തലച്ചോറിന്‍റെയും ഹോര്‍മോണ്‍ ഗ്രന്ഥികളുടേയും തകരാറുകളാലും ഉണ്ടാവുന്ന സംശയരോഗം തികച്ചും ഗുരുതരവും, അപകടകരവുമാണ്. ഇവരെ ഉപദേശങ്ങളാലോ ചെപ്പടിവിദ്യകളിലൂടെയോ നേരെയാക്കികളയാം എന്നുകരുതുന്നത് വങ്കത്തമാണ്. ഭാര്യയില്‍ സ്വഭാവദൂഷ്യം ആരോപിക്കുന്ന ഭര്‍ത്താവും അതു നിഷേധിക്കുന്ന ഭാര്യയേയും സങ്കല്പിക്കുക. “നീ സത്യമെല്ലാം സമ്മതിച്ചാല്‍ മേലില്‍ ഞാന്‍ വഴക്കുപറയില്ല, ഇതുവരെയുള്ളതെല്ലാം ക്ഷമിക്കാം”, എന്ന് അയാള്‍പറയുന്നപക്ഷം സംശയം രോഗാതുരമാണെന്ന് ഉറപ്പിക്കാം. മനോരോഗചികിത്സ തേടുകമാത്രമാണ് പ്രതിവിധി.

ചികിത്സ വിജയിക്കുന്നതിനും തടസ്സങ്ങള്‍ ഏറെയുണ്ട്. സംശയരോഗി മരുന്നു കഴിക്കുകയില്ല എന്നതാണ് പ്രധാനപ്രശ്നം. അതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുള്ള ചികിത്സ വേണം നല്‍കാന്‍. സംശയവും ഭയവും മൂര്‍ച്ചിച്ച് രോഗി അക്രമാസക്തനാവുകയോ മറ്റുള്ളവരെ തന്ത്രപൂര്‍വ്വം വകവരുത്തുകയോ ചെയ്തേക്കാം. ഇത്തരം അവസരങ്ങളില്‍ മരുന്നും വൈദ്യൂതിയും ഉപയോഗിച്ച് ചികിത്സിക്കേണ്ടിവരുന്നു. ആഴ്ചകളോളം ശരീരത്തില്‍ പ്രവര്‍ത്തിക്കുന്ന മരുന്നുകളും ലഭ്യമാണ്. രോഗി നിങ്ങള്‍ക്കേറ്റവും പ്രിയപ്പെട്ട ആളായിരിക്കാം. പക്ഷേ ചികിത്സ വൈകിക്കുന്നത് അപകടങ്ങള്‍ ക്ഷണിച്ചുവരുത്തും.

Dr. Hari S. Chandran (MA, M.PHIL, PH.D, PGDPC, C.Psych)
Consultant Psychologist, Dr. KM Cherian Institute of Medical Sciences

Tags:

Dr. KM Cherian Institute of Medical Sciences is a pioneer in delivering world-renowned treatment procedures at affordable costs. We continually upgrade the quality of the healthcare ecosystem and enable faster recovery for patients from all backgrounds.

One Reply to “സംശയം രോഗമാകുമ്പോൾ”

  1. Radhakrishnan 2 years ago

    Nice article. ( visited the Institute site on reading the advertisement reg the International Workshop….) . Articles on various health topics affecting common man would bridge the gap between sufferings and well being by seeking right medical support.

Leave a Reply

Your email address will not be published. Required fields are marked *